11-August-2023 -
By. health desk
ഒരു കാലഘട്ടത്തില്‍ അറിവില്ലായ്മ മൂലം പല അന്ധവിശ്വാസങ്ങള്‍ക്കും കാരണമായി തീര്‍ന്ന രോഗാവസ്ഥയായിയിരുന്നു കോങ്കണ്ണ് . കോങ്കണ്ണ് ഉള്ളവര്‍ക്ക് മഹാഭാഗ്യം ആണെന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയില്‍, കോങ്കണ്ണ് കാഴ്ച തടസ്സത്തിന് കാരണമായി തീര്‍ന്നത് മൂലം പഠനത്തില്‍ ശോഭിക്കാതെ പോയ കുട്ടികളുടെ അനുഭവങ്ങള്‍ നാം കേട്ടിട്ടുണ്ടാകാം. എന്നാല്‍ ഇന്നത്തെ തലമുറയില്‍ കേള്‍വി, കാഴ്ച ഇത് രണ്ടും കുട്ടിയെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധ കൊടുക്കുന്ന ഒരു കാര്യമായി തീര്‍ന്നിട്ടുണ്ട്.അതേസമയം കുട്ടികളില്‍ മാത്രമല്ല പ്രായമായവരിലും ഏത് സമയത്തും കോങ്കണ്ണ് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട് എന്നതാണ് വസ്തുത. അപ്പോള്‍ തന്നെ പരിശോധനക്ക് വിധേയമാക്കുകയും ചികിത്സ തേടുകയും വേണം.
രോഗ കാരണം, രോഗ നിര്‍ണയം
കോങ്കണ്ണ് ഉള്ളവര്‍ക്ക് രണ്ട് കണ്ണും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയണമെന്നില്ല. പ്രത്യേകിച്ച് കാരണങ്ങളൊന്നും പറയാനില്ലെങ്കിലും കണ്ണിലെ പേശികളുടെ പ്രവര്‍ത്തനത്തിന്റെ തകരാറാണ് പ്രധാനമായും കോങ്കണ്ണിന്റെ രോഗഹേതു ആകുന്നത്. കൃത്യമായി ചികിത്സിച്ചില്ല എങ്കില്‍ ശക്തിയില്ലാത്ത കണ്ണിന്റെ കാഴ്ചശക്തി കൂടുതല്‍ മങ്ങുന്നതിനിടയാക്കും.കൂടുതല്‍ കുട്ടികളിലും ജനനം മുതലേ ഉണ്ടാവുന്നതാണ് കാണാറുള്ളതാണ്. എന്നാല്‍ രോഗനിര്‍ണയത്തിനുള്ള കാലതാമസം മൂലമാണ് പലപ്പോഴും പരിഹരിക്കപ്പെടാതെ പോകുന്നത്. ഇത് ഒഴിവാക്കാന്‍ എപ്പോഴാണോ കുട്ടിക്ക് കോങ്കണ്ണുണ്ടെന്ന സംശയം ആദ്യമായി തോന്നുന്നത് അപ്പോള്‍ തന്നെ കുട്ടിയെ പരിശോധനക്ക് വിധേയമാക്കിയിരിക്കണം.കോങ്കണ്ണ് പരിശോധിക്കുന്നതിന് പ്രായപരിധി ഇല്ലെന്നതാണ് വസ്തുത. മുതിര്‍ന്നവരില്‍ ഇത് കണ്ണിന് ഒരു വസ്തുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശക്തി നഷ്ടപ്പെടുത്തുകയും ചിലപ്പോള്‍ ഒരു വസ്തുവിനെ കാണുന്ന രീതി മാറി കാഴ്ചാ വ്യതിയാനം ഉണ്ടാക്കാനുമിടയാകും.
ഭയം വേണ്ട, ചികിത്സിച്ച് ഭേദമാക്കാം
കുട്ടികളില്‍ ചികിത്സ വളരെ പെട്ടന്ന് ഫലവത്താകുന്നതായി കാണുന്നുണ്ട്. സ്‌കൂളില്‍ പോകുന്ന പ്രായത്തിനു മുന്‍പാണെങ്കില്‍ കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് ചികിത്സ നല്‍കാന്‍ സാധിക്കും. അതിന് കുട്ടികളുടെ നേത്രരോഗ വിദഗ്ധനെ അതായത് പീഡിയാട്രിക് ഒഫ്താല്‍മോളജിസ്റ്റിനെയാണ് കാണേണ്ടത്. കണ്ണട ധരിക്കല്‍, കണ്ണുകള്‍ക്കുള്ള വ്യായാമങ്ങള്‍, പാച്ചിങ് (ഒരു കണ്ണ് മൂടിയുള്ള ചികിത്സ), കണ്ണിന്റെ പേശികളില്‍ നടത്തുന്ന ശസ്ത്രക്രിയ, എന്നിങ്ങനെ വിവിധ ചികിത്സാ രീതികള്‍ ലഭ്യമാണ്. ചിലരില്‍ കുടുംബ പാരമ്പര്യമായും കോങ്കണ്ണ് കാണപ്പെടാറുണ്ട്.കണ്ണിലെ പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകളെ ബാധിക്കുന്ന തകരാറ് മൂലം ഉണ്ടാവുന്ന കോങ്കണ്ണാണെങ്കില്‍ തീവ്രപരിചരണം ആവശ്യമായി വരും. മുറിവുകളോ ചതവുകളോ മറ്റ് രോഗങ്ങളോ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. മുതിര്‍ന്നവരിലെ കോങ്കണ്ണ് കൂടുതലും ഇങ്ങനെയുള്ളതാണ്. തകരാര്‍ സംഭവിച്ച ഭാഗത്തേക്ക് നോക്കുമ്പോള്‍ മാത്രമായിരിക്കും കോങ്കണ്ണ് പ്രകടമാവുക. മറ്റ് ഭാഗങ്ങളില്‍ നോക്കുമ്പോള്‍ കാണപ്പെടാറുമില്ല. വസ്തുക്കളെ രണ്ടായി കാണുക, പ്രത്യേക വിധത്തില്‍ തല ചെരിച്ചു പിടിക്കുക, ഇടയ്ക്കിടെ തലകറക്കം ഉണ്ടാവുക എന്ന ലക്ഷണങ്ങള്‍ ഇതോടൊപ്പം കാണപ്പെടുന്നുണ്ടെങ്കില്‍ പേശീക്ഷതം ആവാനാണ് സാധ്യത.
മൊബൈല്‍ ഉപയോഗവും വില്ലന്‍
അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലവും കുട്ടികളില്‍ കോങ്കണ്ണ് വരുവാന്‍ സാധ്യതയുണ്ട്. കോങ്കണ്ണ് മാത്രമല്ല കണ്ണിനുണ്ടാകുന്ന മറ്റ് പല പ്രശ്‌നങ്ങള്‍ക്കും അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണമാകാം. യുവ തലമുറയിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
ലേഖകന്‍: ഡോ. എ.ജെ നിര്‍മല്‍ (കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ഒഫ്താല്‍മോളജിസ്റ്റ്
ആസ്റ്റര്‍ മിംസ്, കോഴിക്കോട്)